Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ക്വട്ടേഷന്‍: കേരളത്തിന്റെ ആസ്ഥാനതൊഴില്‍

കൈവെട്ടണോ? അതോ കാലോ? “പണികൊടുക്കാന്‍” ആള്‍ക്കാര്‍ റെഡി. ഇമ്മിണി ചില്വാനം കയ്യിലുണ്ടാവണമെന്നേയുള്ളൂ. അഥവാ ഇനി തല തന്നെ വെട്ടി മാറ്റണമെങ്കിലും ഇത്തിരി കനം കൂടി പേഴ്‌സിനുണ്ടായാല്‍ മതി! നടുറോഡില്‍ കിടന്നുപിടയുന്ന ജീവനുകളുടെ എണ്ണം കൂടുകയാണ്. കേരളം - ദൈവത്തിന്റെ സ്വന്തം നാടിന് ഇന്നു പറയാന്‍ ചോരയുടെ കണക്കുമാത്രം.

പതിനഞ്ചുവയസ്സുമുതല്‍ ഇരുപത്തഞ്ച് വയസ്സിനിടയിലുള്ള യുവാക്കള്‍ കയ്യില്‍ പതിനായിരം വിലവരുന്ന മൊബൈല്‍ ഫോണും പറക്കുന്ന ബൈക്കും ലാപ്‌ടോപ്പുമൊക്കെയായി വിലസുകയാണ്. തലയും കയ്യും കാലും എടുക്കുന്ന പണിയ്ക്ക് ഇന്നത്രയേറെ ഡിമാന്‍ഡുണ്ട്. സിനിമകളില്‍ മാത്രം കണ്ടുപരിചയമുള്ള അധോലോക സംഘങ്ങള്‍ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

കാസര്‍ഗോഡും പയ്യന്നൂരും ബേപ്പൂരും തൃശ്ശൂരും കൊച്ചിയിലും കോട്ടയത്തും പേട്ടയിലുമൊക്കെയിന്ന് ക്വട്ടേഷന്‍ “പണിക്കാര്‍ക്ക്” വന്‍ ഡിമാന്‍ഡാണുള്ളത്. പണമെറിഞ്ഞ് പണം നേടാന്‍ വ്യവസായികളും തയ്യാറുള്ളപ്പോള്‍ എതിരാളിയെ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുമാറ്റുകയെന്ന താണവരുടെ മെയിംപ്ലാന്‍.

ബിസിനസ്സറിഞ്ഞു ക്വട്ടേഷന്‍ ഗ്യാങ്ങും നില്‍ക്കുന്നു. കഴിവുറ്റവരെ മാത്രം മതിയവര്‍ക്ക്. പണിപിഴക്കുന്നവര്‍ക്ക് കാലമില്ല. പുതിയ പുതിയ ചെറുപ്പക്കാര്‍ മാത്രം മതിയവര്‍ക്ക്. ആദ്യം മാടുകളുടെ തലവെട്ടി മാറ്റി നല്‍കുന്ന പരിശീലനം പിന്നെ ആളുകളുടെ തലവെട്ടലിലേക്ക് നീട്ടുന്നു. മേമ്പൊടിയായി കഞ്ചാവ്, ഹാഷിഷ് ഇവയും കൈനിറയെ പണം; മൊബൈല്‍, കമ്പ്യൂട്ടര്‍, വീട്... ഇതിന് എവിടെയാണൊരവസാനം?

സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ മലയാളി ഭയക്കുന്ന അവസ്ഥയിലേക്കാണ് കേരളം നടന്നുനീങ്ങുന്നത്. പുറത്തിറങ്ങിയാല്‍ ആള്‍മാറിവെട്ടുകിട്ടിയാലോ? കേരളത്തിന്റെ അലസയുവത്വത്തിന് ഏതോ ഒരാളെ മറ്റേതോ ഒരാള്‍ക്കുവേണ്ടി നിര്‍ദയം കൊന്നൊടുക്കാന്‍ ഒരുളുപ്പുമില്ല. പണം..പണം മാത്രം മതിയവര്‍ക്ക്.

ലൈംഗികത്തൊഴിലാളികളെന്ന പുതിയ വിളിപ്പേരുനല്‍കി നാം ആ "ജീവനകലയെ മാന്യമാക്കിയെടുത്തപോലെ" ക്വട്ടേഷന്‍ പുതിയപേരില്‍ മാന്യതയുടെ മുഖാവരണമണിഞ്ഞെത്തുന്ന കാലം വിദൂരമല്ല. അവര്‍ക്കും സര്‍ക്കാര്‍ നല്‍കും ക്ഷാമബത്ത, പെന്‍ഷന്‍ തുടങ്ങിയവ. അവരുടെ പ്രസിഡന്റും ഏതെങ്കിലും ജഡത്വം ബാധിച്ച രാഷ്ട്രീയപാര്‍ട്ടി നേതാവായിരിക്കും. എന്തേ ഈ കൂലിത്തല്ലുകാരെ ഒതുക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകാത്തത്?

കേരളത്തിന്റെ ഔദ്ദ്യോഗിക കണക്കനുസരിച്ച് 548 പേരാണ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതുവരെ നടന്നതോ വെറും നൂറ്റമ്പതോളം അറസ്റ്റുമാത്രവും. അഞ്ഞൂറുമാത്രമല്ല അയ്യായിരത്തോളം വരുന്ന, ലിസ്റ്റില്‍ പേരില്ലാത്ത ഹിഡുംബാസുരന്മാര്‍ നിര്‍ബാധം വിഹരിക്കുന്ന കാര്യം പതുപതുത്ത സീറ്റുകളിലിരിക്കുന്ന ഭരണവരേണ്യന്മാര്‍ അറിയുന്നില്ലായെന്നുണ്ടോ?

രാഷ്ട്രീയക്കാരും ഭരണപുംഗവന്മാരും എന്തിന് പോലീസിന്റെ തലപ്പത്തുള്ളവരും ക്വട്ടേഷന്‍ സഹായം രഹസ്യമായും പരസ്യമായും തേടുന്നവെന്നത് അങ്ങാടിപ്പാട്ടാണ്. ഏറ്റവും അവസാനത്തെ ഉദാഹരണം തന്നെ തിരുവനന്തപുരത്തു നടന്ന ഒരു കൊലപാതകുവുമായി ബന്ധപ്പെട്ട, കൊലയാളിയെന്നു സംശയിക്കുന്നയാളെ അറസ്റ്റിലാക്കാന്‍ കുപ്രസിദ്ധയായ "തന്ത്രികേസു നായികയുടെ സഹായം വേണ്ടി വന്നു നമ്മുടെ പോലീസിന്.

കണിച്ചുകുളങ്ങരയില്‍ ഹിമാലയഗ്രൂപ്പ് നടത്തിയ ഒരു കോള്‍ഡ് ബ്ലഡ് ഓപ്പറേഷനിലൂടെയാണല്ലോ എതിര്‍ ബിസിനസ് ഗ്രൂപ്പുകാരനെ ഇല്ലാതാക്കിയത്. ബിസിനസ്സിലും രാഷ്ട്രീയരംഗത്തും വ്യക്തിബന്ധങ്ങളിലുമൊക്കെ ക്വട്ടേഷന്‍ കടന്നുവരുമ്പോള്‍ സാധാരണക്കാരനായ മലയാളിക്ക് ഒന്നുപേടിച്ചുനിലവിളിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ...ഏറ്റവും അവസാനമായി ഒരു ബിസിനസ്സു സാമ്രാജ്യത്തിന്റെ പുതുതലമുറയിലെ തുടക്കക്കാരനെയും നിഷ്ക്കരുണം അവര്‍ കത്തിക്കിരയാക്കുന്നതു കാണുമ്പോള്‍ വേപഥുവോടെ ഒന്നുമാത്രം മന്ത്രിക്കാനേ നമുക്കു കഴിയൂ... "മാനിഷാദ“.

ഉറക്കം നടിക്കുന്ന ഭരണപുംഗവന്‍മാരേ...ഇനിയെങ്കിലുമൊന്ന് ഉണര്‍ന്നു പ്രവര്‍ത്തിക്കൂ...നമ്മുടെ യുവാക്കളെ പിച്ചാത്തിപ്പിടിയില്‍ നിന്ന് രക്ഷിക്കാന്‍... കുറഞ്ഞപക്ഷം സാമൂഹ്യനീതിയെങ്കിലുമൊന്ന് ഉറപ്പാക്കാന്‍...ഉത്തിഷ്ഠത... ജാഗ്രത!

പ്രതികരണങ്ങള്‍

Re: ക്വട്ടേഷന്‍: കേരളത്തിന്റെ ആസ്ഥാനതൊഴില്‍
ningale polullarvar venam ee natile prashnangal othukkan. quotation kaare matramalla avare sahaikunna politiciansnem thattanam! ennale naadu nannavu....
നിരാകരണവ്യവസ്ഥ